കൊച്ചി: സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് നിര്‍ദേശം . ബൈസണ്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത് .ജില്ലാ കലക്ടറോടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമെങ്കില്‍ കലക്ടര്‍ക്ക് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി.
ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആക്ഷേപം ഉന്നയിക്കുന്ന സിപിഎം ശാന്തന്‍പാറയില്‍ അതേ ചട്ടം ലംഘിച്ചാണ് ബഹുനില കെട്ടിടം പണിയുന്നത്. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ പണിതതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
മൂന്നാര്‍ തേക്കടി സംസ്ഥാന പാതക്കരികില്‍ ശാന്തന്‍പാറ ടൗണിലാണ് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് പണിയുന്നത്. മൂന്നു നിലകളുള്ള കെട്ടിടമാണിത്. സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റ് സ്ഥലത്താണ് നിര്‍മ്മാണം. നിലവിലുണ്ടായിരുന്ന ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിയുന്നത്. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ വീട് നിര്‍മ്മിക്കുന്നതിന് പോലും റവന്യു വകുപ്പിന്റെ എന്‍ ഒ സി വാങ്ങണമെന്നാണ് നിയമം. എന്നാല്‍ എന്‍ഒസി വാങ്ങാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 25 ന് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സിപിഎം ജില്ല സെക്രട്ടക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഒന്‍പതു മാസമായി നടക്കുന്ന നിയമലംഘനത്തിന് തുടര്‍ നടപടിയൊന്നുമെടുത്തില്ല. ഉണ്ടായിരുന്ന കെട്ടിടത്തിന് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയാണെന്നാണ് സിപിഎം വിശദീകരണം.