വ്യോമഗതാഗത മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി മുരളീധരന്‍


ന്യൂഡല്‍ഹി: മലബാറിലെ റെയില്‍, വ്യോമഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്സ് പ്രതിനിധി സംഘത്തിനൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. രാജ്യത്തെ 23 സ്റ്റേഷനുകളാണ് ലോകോത്തര നിലവാരമുളള സ്റ്റേഷനുകളാക്കി മാറ്റുന്നത്. ഇതില്‍ കേരളത്തില്‍നിന്ന് ഇടംപിടിച്ച ഏക സ്റ്റേഷനാണ് കോഴിക്കോട്. കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്നതോ ആവസാനിക്കുന്നതോ ആയ ട്രെയിനുകള്‍ക്ക് പിറ്റ്‌ലൈന്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. വെസ്റ്റ് ഹില്‍ സ്റ്റേഷനില്‍ പിറ്റ്ലൈന്‍ സ്ഥാപിക്കുന്നതാണ് പരിഗണനയിലുള്ളത്. കോഴിക്കോട്-തൃശ്ശൂര്‍ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നും റെയില്‍വെമന്ത്രി അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. 

കോഴിക്കോട് വിമാനത്താവളത്തിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെ 
ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളത്തിന്റെ റണ്‍വേ വികസനം, ടെര്‍മിനല്‍ വികസനം എന്നിവക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭൂമി ലഭ്യമാക്കിയാല്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ഉറപ്പ് നല്‍കി. ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സന്ദര്‍ശിച്ച ചേംമ്പര്‍ ഓഫ് കോമേഴ്സ് നിവേദക സംഘം സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി മഹബൂബ്, ഭാരവാഹികളായ അരുണ്‍കുമാര്‍, എം.പി.എം മുബഷിര്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗവുമായ പി. രഘുനാഥ്, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യാ ഹരിദാസ് എന്നിവരും മന്ത്രിമാരെ സന്ദര്‍ശിച്ച സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media