കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു (Vijay Babu) പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. പൊലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പൊലീസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.