കോവിഡ്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനായിട്ടില്ലെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം


ദോഹ: രാജ്യത്ത് ഡെല്‍റ്റ വകഭേതം കണ്ടെത്തിയ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നാലാംഘട്ട ഇളവുകള്‍ അനുവദിക്കുന്നത് അപകടം ചെയ്യുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രാജ്യം യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നിരവധി പേര്‍ ഖത്തറിലേക്ക് മടങ്ങും. ഖത്തറിലെയും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അപകടകരമാകുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നാലാംഘട്ട ഇളവ് ആഗസ്ത് ആദ്യത്തില്‍ തുടങ്ങാനായിരുന്നു തീരുമാനം. അതേസമയം, രോഗ വ്യാപനത്തിന്റെ തോത് അല്‍പം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത മാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍, നിലവിലുള്ള മൂന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം പിന്നീട് തീരുമാനിച്ചു. പുതിയ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ബലിപെരുന്നാള്‍ അവധിക്ക് ശേഷം കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന പ്രതീക്ഷിച്ചതാണെന്നും അല്‍ഖാല്‍ പറഞ്ഞു. കേസുകള്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ വേണം. എടുത്ത് ചാടി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാലു മാസം മുമ്പ് വ്യാപനം തുടങ്ങിയ ഡെല്‍റ്റ വകഭേദം ഖത്തറില്‍ എത്തുന്നത് ഇതുവരെ വൈകിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ശക്തമായ നിയന്ത്രണങ്ങളായിരുന്നു അതിന് തുണയായത്. ഡെല്‍റ്റ വകഭേദം അതീവ അപകടകാരിയാണ്. ലക്ഷണങ്ങളില്ലാത്ത വൈറസ് ബാധ പോലും തളര്‍ച്ച, കടുത്ത തലവേനദന, ഓര്‍മക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ ഗുരുതരവും നീണ്ടുനില്‍ക്കുന്നതുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ട് തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി എല്ലാവരും അതിവേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ നല്‍കുന്ന വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരേ ഫലപ്രദമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പൂര്‍ണമായി വാക്സിന്‍ എടുത്തവര്‍ വളരെ കുറവാണ്. ആശുപത്രിയിലും ഐസിയുവിലും കഴിയുന്ന ഏറെക്കുറെ മുഴുവന്‍ പേരും വാക്‌സിനെടുക്കാത്തവരോ ഒരു ഡോസ് മാത്രം എടുത്തവരോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനെടുക്കുന്നതിലൂടെ തങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും സംരക്ഷണം നല്‍കും. വാക്സിന്‍ എടുത്തവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ രാജ്യത്ത് നല്ല രീതിയിലാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. വാക്സിനെടുക്കാന്‍ അനുവാദമുള്ള 12നു മുകളില്‍ പ്രായമുള്ളവരില്‍ 85 ശതമാനത്തിലേറെ പേരും ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തുകഴിഞ്ഞു. 60നു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങള്‍ വാക്സിന്‍ എടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media