പിങ്ക് പൊലീസ് വിവാദം; സര്‍ക്കാര്‍ വിശദീകരണത്തിനെതിരെ ഹൈക്കോടതി; കേസ് മറ്റന്നാള്‍ പരിഗണിക്കും
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ കുട്ടി കരഞ്ഞതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയ്ക്കായി എന്തിന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുന്നു.കുട്ടിയെ അപമാനിക്കുന്ന ദൃശ്യം പൊലീസ് എന്തിന് മറച്ചുവെന്ന് കോടതി വിമര്‍ശിച്ചു. പൊലീസ് നടത്തിയ വകുപ്പുതല അന്വേഷണം ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത്. സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വിഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വിഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. അസഹിഷ്ണുത കാണിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നല്‍കി.
സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ടന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന്് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു. വിഡിയോ ഐജി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേസ് മറ്റന്നാളത്തേക്ക് മാറ്റി.