ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കാന്‍ അനുമതി: ദിലീപ് കുരുങ്ങുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാന്‍ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നല്‍കിയത്. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമന്‍സ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുക.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപടക്കമുളളവര്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തയിടെ പുറത്തുവിട്ടത്. കേസില്‍ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് ഇത് വരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാല്‍ ഈ ആക്രമണദൃശ്യങ്ങള്‍ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു - ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ദിലീപിനെ വിളിച്ചപ്പോള്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും, ഇതിന് തെളിവായി വാട്‌സാപ്പില്‍ അയച്ച ഓഡിയോ മെസ്സേജും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.
''ബാലൂ, എന്റെ ഫോണും വാട്‌സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണില്‍ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാന്‍ കാത്തിരിക്കുകയാണ്'', എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാന്‍ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
അതിനാലാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതിന് തുടര്‍ച്ചയായി ദിലീപിനെയും ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന് വിളിക്കുന്ന സുനില്‍കുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണമേല്‍നോട്ടച്ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏല്‍പിക്കും. നിലവിലെ അവസ്ഥയില്‍ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകില്ല. ഈ സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് പ്രോസിക്യൂഷന്‍ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അടുത്ത മാസം പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ വിസ്താരത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.