തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ല; സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി. സുധാകരന് വിമര്‍ശനം
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി. സുധാകരന് രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍വലിഞ്ഞു നിന്നുവെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമര്‍ശനം. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഓരോ മണ്ഡലത്തിലേയും ചുമതലയുണ്ടായിരുന്ന നേതാക്കന്മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അതിന്മേല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. ഇതില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും അധികം വിമര്‍ശനവിധേയമായത്. സുധാകരനെതിരെ എച്ച്. സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കുടുംബ യോഗങ്ങളില്‍ അടക്കം ദു:സൂചന നല്‍കുന്ന പരാമര്‍ശം ജി. സുധാകരന്‍ നടത്തിയതായി ആരോപണം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ അസംതൃപ്തനാണെന്ന സൂചന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ജി. സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നും യോഗം വിമര്‍ശിച്ചു. അതേസമയം, തോമസ് ഐസകിനെ യോഗം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തോമസ് ഐസക് സജീവമായിരുന്നു എന്ന് യോഗം വിലയിരുത്തി.