തങ്ങള്‍ പൊരുതുന്ന പലസ്തീനോടൊപ്പമെന്ന് കോണ്‍ഗ്രസ്; തരൂര്‍ തിരുത്തിയെന്ന് വിഡി, നിലപാട് വ്യക്തമാക്കിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഡി സതീശനും. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി വിജയമാണെന്നും ശശി തരൂര്‍ തന്നെ വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
തരൂര്‍ പറഞ്ഞതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ല. പൊരുതുന്ന പലസ്തീനൊപ്പമാണ് കോണ്‍ഗ്രസ് എന്നും. വര്‍ക്കിംഗ് കമ്മിറ്റി പ്രമേയത്തിന് വിരുദ്ധമായി തരൂര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇസ്രായേല്‍ നടത്തുന്നത് ക്രൂരമായ നടപടിയാണ്. ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമാണെന്ന് ഒരിക്കലും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും ശശി തരൂരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ പലസ്തീന്‍ പരാമര്‍ശത്തോട് വിഡി സതീശന്റെ പ്രതികരണം. ഇനി വിവാദമാക്കേണ്ടതില്ല. കോണ്‍ഗ്രസ് നിലപാട് വര്‍ക്കിംഗ് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്തീനൊപ്പമാണ് കോണ്‍ഗ്രസെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോഡായിരുന്നു സതീശന്റെ പ്രതികരണം.
അതേസമയം, ഹമാസ് വിരുദ്ധ പ്രസംഗത്തില്‍ ശശി തരൂരിനെ തള്ളി എഐസിസി രംഗത്തെത്തി. പലസ്തീന്‍ വിഷയത്തില്‍ ശശി തരൂര്‍ പറഞ്ഞതിനോട് പൂര്‍ണ യോജിപ്പില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ കോണ്‍ഗ്രസിന് കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടല്ലെന്നും എഐസിസി വ്യക്തമാക്കി.
ശശി തരൂരിന്റെ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിര്‍പ്പിന്റെ തുടക്കമായി പാര്‍ട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതില്‍ ലത്തീന്‍ സഭക്ക് തരൂരിനോടുള്ള അകല്‍ച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.