പൂനെ: പണം കെട്ടിവയ്ക്കാതെ പ്രസവം എടുക്കില്ലെന്ന് ഡോക്ടറുടെ നിലപാടില്‍ പൂര്‍ണഗര്‍ഭിണിക്ക് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഇരട്ട കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്ന തനിഷ ഭിസെ എന്ന യുവതിയാണ് രക്തസ്രാവത്തേ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ മഹാരാഷ്ട്രയിലെ പൂനെയിലെ ദീനാനാഥ് മംങ്കേഷ്‌കര്‍ ആശുപത്രിയിലെ പുരുഷ ഗൈനക്കോളജിസ്റ്റ് സുശ്രുത് ഗൈസിനെതിരെ കേസ് എടുത്തിരിക്കുകയാണ്.
യുവതിയെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ പത്ത് ലക്ഷം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിലുണ്ടായ പിഴവ് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നല്‍കാന്‍ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ച ശേഷമായിരുന്നു. ഇരട്ട പെണ്‍കുട്ടികള്‍ക്കാണ് യുവതി ജന്മം നല്‍കിയതെങ്കിലും രക്തസ്രാവം നിലയ്ക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. പണം അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
r
സംഭവത്തില്‍ യുവതിയെ രണ്ടാമത് പ്രവേശിപ്പിച്ച സാസൂണ്‍ ആശുപത്രിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുരുഷ ഗൈനക്കോളജിസ്റ്റിനെതിരെ കേസ് എടുത്തത്. യുവതിയുടെ ഗര്‍ഭം സംബന്ധിയായ എല്ലാ വിവരങ്ങള്‍ ലഭ്യമായിരുന്നിട്ടും ഡോക്ടറും സംഘവും ചികിത്സ ലഭ്യമാക്കിയില്ലെന്നും അടിയന്തര ചികിത്സ നല്‍കിയില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. യുവതി പ്രസവിച്ച സാസൂണ്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള വിശദറിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. സംഭവം അതീവ ഗൗരവമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇതിനോടകം നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.