ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധനവ്
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധനവ്. ഏപ്രില്‍ 9ന് അവസാനിച്ച ആഴ്ചയില്‍ 4.344 ബില്യണ്‍ വര്‍ധിച്ച് 581.213 ബില്യണ്‍ ഡോളറിലെത്തി. വിദേശനാണ്യ ശേഖരം 2.415 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ ഏപ്രില്‍ രണ്ടിന് അവസാനിച്ച ആഴ്ചയിലെ 576.869 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ വളര്‍ച്ച.
വിദേശ കറൻസി ആസ്തികൾ (എഫ്‌സിഎ), സ്വർണ്ണ കരുതൽ, സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റുകള്‍ (എസ്‌ഡിആർ), അന്താരാഷ്ട്ര നാണയ നിധിയില്‍ രാജ്യത്തിന്റെ കരുതൽ സ്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യം. അതേസമയം രാജ്യത്തെ സ്വർണ്ണ ശേഖരത്തിന്‍റെ മൂല്യം 1.297 ബില്യൺ ഡോളർ ഉയർന്ന് 35.320 ബില്യൺ ഡോളറിലെത്തി. എസ്ഡിആർ മൂല്യം 6 മില്യൺ യുഎസ് ഡോളർ ഉയർന്ന് 1.492 ബില്യൺ ഡോളര്‍ വര്‍ധനവിലെത്തി. ഇതോടൊപ്പം ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 24 ദശലക്ഷം യുഎസ് ഡോളർ ഉയർന്ന് 4.946 ബില്യൺ ഡോളറും രേഖപ്പെടുത്തി. വിദേശ കറന്‍സി ആസ്തികളുടെ (എഫ് സി എ) വര്‍ധനവാണ് കരുതല്‍ ധനത്തിന്‍റെ പെട്ടന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായത്. കരുതല്‍ ധനത്തിന്‍റെ പ്രധാന ഘടകമാണ് വിദേശ കറന്‍സി ആസ്തിക. യു എസ് ഡോളര്‍ കൂടാതെ മറ്റു വിദേശ കറന്‍സികളായ പൗണ്ട്, യൂറോ തുടങ്ങിയവയുടെ നിരക്കും വിദേശനാണ്യ കരുതലിനെ സ്വാധീനിക്കാറുണ്ട്.രാജ്യത്തിൻറെ സാമ്പത്തിക നില മെച്ചപ്പെടുന്നതായി വിദഗ്ദ്ധർ ഇതിനെ സൂചിപ്പിക്കുന്നു .