രാജ്യത്ത് പുതിയതായി 11,903 കൊവിഡ് കേസുകള്‍ കൂടി; 14,159 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 കേസുകളില്‍ നേരിയ വര്‍ധന. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 11,903 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14,159 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,51,209 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 3,36,97,740 പേര്‍ക്കാണ് കൊവിഡ് മുക്തിയുണ്ടായത്. പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുണ്ടായിരുന്ന കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 6444 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8424 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 55 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 87 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,236 ആയി.