ദില്ലി: കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി. 25 വിമാനങ്ങള്‍ക്ക് ഇന്ന് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഇഡിന്‍ഡിഗോ വിമാനത്തിനുള്‍പ്പെടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 275 ആയി.
കഴിഞ്ഞ ദിവസം 85 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതം വിമാനങ്ങള്‍ക്കും ആകാശയുടെ 25 വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. അന്വേഷണത്തെ സഹായിക്കുന്നതിന് ഈ ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ മെറ്റ, എക്സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിമാന കമ്പനികള്‍ക്ക് ബോംബ് ഭീഷണി നല്‍കുന്നവരെ നേരിടാന്‍ സഹായിക്കുന്ന നിയമ നിര്‍മ്മാണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു അടുത്തിടെ പറഞ്ഞിരുന്നു. വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാര്‍ക്ക് അസൗകര്യവും വിമാനക്കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. ഇതേ തുടര്‍ന്ന് സൈബര്‍ കമാന്‍ഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.