ടെല്‍ അവീവ്: ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും യുഎന്‍ ഇസ്രായേല്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാല്‍ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎന്‍ വ്യക്തമാക്കി. എന്നാല്‍, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതിനിടെ ഗാസയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.
34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടെന്നാണ് നിഗമനം. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരാഴ്ചയാകുമ്പോള്‍ ഇരുഭാഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഗാസയില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമാധാന ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല. ഇസ്രയേല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.