ലഖ്‌നൗ: അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗം. അതീഖിനെയും സഹോദരന്‍ അഷ്റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു. ശനിയാഴ്ച രാത്രി മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുന്നു പേര്‍ 60കാരനായ മുന്‍എംപിയെയും സഹോദരനേയും വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആസൂത്രിതമായിട്ടാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത്. പൊലീസ് കാവല്‍ മറികടന്ന് പോയിന്റ് ബ്‌ളാങ്കില്‍ നിറയൊഴിച്ചാണ് ഇവര്‍ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ ലവേഷിന് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. ഏപ്രില്‍ 13ന് ഝാന്‍സിയില്‍ വച്ച് വെടിവച്ച് കൊന്ന അതിഖ് അഹമ്മദിന്റെ മകന്‍ അസദിന്റെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ വെടിവയ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.