ന്യൂയോര്‍ക്ക്: വരും വര്‍ഷങ്ങളില്‍ എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ കോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംബന്ധിച്ചാണ് മസ്‌കിന്റെ പ്രവചനം. ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എഐയും റോബോട്ടുകളും മാത്രമായിരിക്കും എല്ലാം ചെയ്യുക എന്നും പലരും ജോലി ഒരു ഹോബി എന്ന നിലയില്‍ മാത്രമേ ചെയ്യൂ എന്നുമാണ് പാരീസില്‍ നടന്ന വിവാടെക് 2024 കോണ്‍ഫറന്‍സില്‍ മസ്‌കിന്റെ പ്രവചനം. എഐ മനുഷ്യര്‍ക്ക് പകരമാകുമെന്ന് അടുത്ത കാലത്തായി ഉയരുന്ന ആശങ്കയുടെ ആഴം കൂട്ടുന്നതാണ് മസ്‌കിന്റെ ഈ പ്രവചനം.
ഒരുപക്ഷേ ഭാവിയില്‍ നമ്മളില്‍ ആര്‍ക്കും ജോലി ലഭിക്കില്ല, എല്ലാ റോളുകളും എഐ റോബോട്ടുകള്‍ ഏറ്റെടുക്കുമെന്നും ഒരു ജോലി ചെയ്യുക എന്നത് ഓപ്ഷണലായി മാറുമെന്നും എന്നാണ് മസ്‌ക് പറയുന്നത്. ഒരാള്‍ക്ക് ജോലി ഒരു ഹോബിയായി ഉണ്ടെങ്കില്‍, അയാള്‍ ആ ജോലി ചെയ്യും. പക്ഷേ എഐക്കും റോബോട്ടുകള്‍ക്കും എല്ലാ ജോലികളും ചെയ്യാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍ ലോകത്തിന് ഉയര്‍ന്ന വരുമാനമുള്ള ഒരു സാര്‍വത്രിക സംവിധാനം ആവശ്യമായി വരുമെന്നും അതുവഴി ആളുകള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടറിനും റോബോട്ടുകള്‍ക്കും നിങ്ങളേക്കാള്‍ നന്നായി എല്ലാം ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടോ എന്നും മസ്‌ക് ചോദിക്കുന്നു.
ഇത് ആദ്യമായല്ല മസ്‌ക് എഐ സംബന്ധിച്ച് ഇത്തരം ആശങ്ക പ്രകടിപ്പിക്കുന്നത്. സത്യം കണ്ടെത്തുന്നതിനും മനുഷ്യരാശിയുടെ ക്ഷേമം സംരക്ഷിക്കുന്നതിനുമായി എഐ രൂപകല്‍പ്പന ചെയ്യണമെന്ന് മസ്‌ക് ആവശ്യപ്പെടുന്നത്. രാഷ്ട്രീയമായി ശരിയായിരിക്കാന്‍ പ്രധാന എഐ പ്രോഗ്രാമുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും മസ്‌ക് പറഞ്ഞു.
എന്നാല്‍ മസ്‌കിന്റെ കാഴ്ചപ്പാടിനോട് സാങ്കേതിക മേഖലയിലെ വിദഗ്ധരില്‍ ഏറിയ പങ്കും യോജിക്കുന്നില്ല. എംഐടിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ഭയപ്പെട്ടിരുന്നതിനേക്കാള്‍ വളരെ സാവധാനത്തിലാണ് ജോലി സ്ഥലങ്ങള്‍ എഐയെ സ്വീകരിക്കുന്നത്. ഈ വര്‍ഷം ആദ്യം നടത്തിയ ഒരു പഠനത്തില്‍, എഐ മാറ്റിസ്ഥാപിക്കപ്പെടുമെന്ന് പ്രവചിക്കപ്പെട്ട പല ജോലികളും കമ്പനികള്‍ക്ക് സാമ്പത്തികമായി ഗുണകരമല്ലാത്തതിനാല്‍ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നില്ല എന്ന് കണ്ടെത്തി. കൂടാതെ തെറാപ്പിസ്റ്റുകള്‍, കലാകാരന്മാര്‍, അധ്യാപകര്‍ തുടങ്ങിയ മനുഷ്യബന്ധം ആവശ്യമുള്ള ജോലികള്‍ എഐ ഏറ്റെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്.