സംസ്ഥാനത്ത് കൊളേജുകള്‍ തുറന്നു
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തുറന്നു. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി, എഞ്ചിനിയറിംഗ് ക്ലാസുകള്‍ എന്നിവയാണ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളേജുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതും വിദ്യാര്‍ത്ഥികളെ വരവേറ്റതും. വിദ്യാര്‍ത്ഥികളും കോളേജ് തുറന്നതിന്റെ ആവേശത്തിലാണ്.
ഒന്നര വര്‍ഷത്തിലധികമായി ഓണ്‍ലൈനായി നടന്ന പഠനമാണ് കലാലയങ്ങളില്‍ പുന:രാരംഭിച്ചത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഓരോ കോളേജും വരവേറ്റത്. കോളേജില്‍ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഒരോ വിദ്യാര്‍ത്ഥിയും.
കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥിക്ക് മാസ്‌ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതലയും സാനിറ്റൈസര്‍ നല്‍കുക, സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടതും അതത് സ്ഥാപനങ്ങളാണ്. സമയക്രമത്തിന്റെ കാര്യത്തില്‍ മുമ്പ് നല്‍കിയ നിര്‍ദ്ദേശപ്രകാരം അതത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലും ബുരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചുമാണ് ക്ലാസുകള്‍ നടത്തുന്നത്.
ഈ ഒരാഴ്ച അധ്യാപക വിദ്യാര്‍ത്ഥി ആശയ വിനിമയത്തിനാണ് ക്ലാസുകളില്‍ പ്രധാന്യം നല്‍കുക. പതിനെട്ട് വയസ് പൂര്‍ത്തിയാകാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കുന്നവരെയും ക്ലാസുകളില്‍ പ്രവേശിപ്പിച്ചു.ഈ മാസം 4ന് അവസാന വര്‍ഷ ബിരുദ - ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ആരംഭിച്ചതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തുറന്നത്.