സമ്പന്നപ്പട്ടികയില്‍ പത്താം വര്‍ഷവും ഇന്ത്യയില്‍ ഒന്നാമനായി മുകേഷ് അംബാനി, രണ്ടാം സ്ഥാനത്ത് അദാനി
ദില്ലി: തുടര്‍ച്ചയായ പത്താമത്തെ വര്‍ഷവും രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന റെക്കോര്‍ഡ് മുകേഷ് അംബാനിക്ക് സ്വന്തം. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം അംബാനിക്ക് ഇപ്പോള്‍ 718000 കോടി രൂപയുടെ ആസ്തിയുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വര്‍ധനവാണ് ഇദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.
രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയും കുടുംബവുമാണ്. 505900 കോടി രൂപയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പന്ന കുടുംബത്തിന്റെ ആസ്തി. അദാനി ഗ്രൂപ്പിന്റെ സംയോജിത വിപണി മൂലധനം ഒന്‍പത് ലക്ഷം കോടി രൂപയാണ്. അദാനി പവര്‍ ഒഴികെ മറ്റെല്ലാ ലിസ്റ്റഡ് കമ്പനികളും ഒരു ലക്ഷം കോടിയിലേറെ വിപണി മൂലധനമെന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.
അദാനി രണ്ടാം സ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി ഇതേ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. 131600 കോടി രൂപയാണ് വിനോദിന്റെ ആസ്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയാണ് വിനോദ് ആദ്യ പത്തില്‍ ഇടംപിടിച്ചത്. ഇദ്ദേഹം ദുബൈയിലാണ് താമസിക്കുന്നത്. ദുബൈയിലും സിങ്കപ്പൂരിലും ജക്കാര്‍ത്തയിലും ട്രേഡിങ് ബിസിനസ് കൈകാര്യം ചെയ്യുകയാണ് വിനോദ്.
ലോകത്തെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് 57ാം സ്ഥാനത്താണ്. 64കാരനായ അംബാനിയുടെ കമ്പനിയാണ് ഇന്ത്യയില്‍ 15 ലക്ഷം വിപണി മൂലധനം എന്ന നേട്ടം കരസ്ഥമാക്കിയ ആദ്യ കമ്പനി.