ക്ലസ്റ്ററുകളുടെ ജനിതക ശ്രേണീകരണം നടത്താനും
പരിശോധധന കൂട്ടാനും കേന്ദ്ര നിര്‍ദേശം
ദില്ലി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കൊവിഡ് ബാധ കാണുന്ന ക്‌ളസ്റ്ററുകളുടെ എല്ലാം ജനിതക ശ്രേണീകരണത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകയിലെയും പൂനെയിലെയും ഓരോ ക്‌ളസ്റ്ററുകളുടെ എല്ലാ സാംപിളും ആവശ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ വീട്ടിലെത്തി നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. അതേസമയം ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി
മഹാരാഷ്ട്രയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ആറു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കെല്ലാം വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി.നെഗറ്റീവ് ആയാല്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീന്‍ നില്‍ക്കണം.ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏഴു ദിനം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏര്‍പ്പെടുത്തി.2,4,7 ദിവസങ്ങളില്‍ കൊവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആയാല്‍ വീണ്ടും ഏഴ് ദിനം വീടുകളില്‍ ക്വാറന്റീന്‍ കഴിയണം..മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെ പരിശോധന ഫലം നിര്‍ബന്ധമാക്കുകയും ചെയ്തു.
പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രാജ്യത്ത് കര്‍ശന നിരീക്ഷണത്തിന് വിധേയരാകണം.ആര്‍ ടി പി സി ആര്‍ പരിശോധന ഫലം അറിഞ്ഞ ശേഷമേ വിമാനത്താവളം വിടാവൂ. കൊവിഡ് പോസിറ്റീവെങ്കില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും സ്രവം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുകയും ചെയ്യും. നെഗറ്റീവെങ്കില്‍ വീട്ടില്‍ ഒരാഴ്ച നിരീക്ഷണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം വകഭേദം സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിന്നയച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ സാന്പിള്‍ പരിശോധനാ ഫലം ഐസിഎംആര്‍ ഉടന്‍ പുറത്ത് വിടും. പരിശോധന ഫലമെന്തെന്ന് കേന്ദ്രം വ്യക്തമാക്കട്ടെയെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാട്. ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 63കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണം കേരളത്തിലും തുടങ്ങി. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കില്‍ ഉടന്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ഏതു വൈറസെന്ന് സ്ഥിരീകരിക്കാന്‍ പോസിറ്റിവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തും