മുംബൈ: മഹാരാഷ്ട്ര ബരാമതിയില്‍ വിമാന അപകടത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചെന്നാണ് വിവരം. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിധിപ് ജാദവ്, ക്യാപ്റ്റന്‍ സുമിത്ത് കപൂര്‍ (പൈലറ്റ് ഇന്‍ കമാന്‍ഡ്), ക്യാപ്റ്റന്‍ സംഭവി പതക് (ഫസ്റ്റ് ഓഫീസര്‍) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണം തുടങ്ങി.
ലിയര്‍ജെറ്റ് 45 എന്ന ചെറു വിമാനത്തില്‍ ആയിരുന്നു അജിത് പവാറിന്റെ അവസാന യാത്ര. ബോംബാര്‍ഡിയര്‍ എയ്റോസ്പേസ് നിര്‍മ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകര്‍ന്ന ലിയര്‍ജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറില്‍ 860 കിലോമീറ്റര്‍ ആണ്. ഏകദേശം 3,650 കിലോമീറ്റര്‍ ഒറ്റയടിക്ക് പറക്കാന്‍ ഇതിന് സാധിക്കും. 51,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുണ്ട്. ഒന്‍പത് യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം.
അജിത്ത് പവാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും അപകട വിവരം ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്ത് പവാറിന്റെ വിയോഗം നികത്താന്‍ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചിച്ചു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച നേതാവായിരുന്നും അജിത്ത് പവാര്‍. വ്യക്തിപരമായും എന്‍ഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എന്‍ഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.