ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍പരമാധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്‍നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഒപ്പം കപ്പലുകള്‍ കടത്തിവിടുന്നതിനായി വന്‍ തുക ചുങ്കമായും ഇാടാക്കി തുടങ്ങി. ഹോര്‍മുസ് കടലിടുക്കിന്റെ പരമാധികാരികള്‍ തങ്ങളാണെന്ന് സ്ഥാപിച്ചുറപ്പിക്കാനുള്ള ശ്രമത്തിനാണ് ഇറാന്‍. ഹോര്‍മുസ് വഴി പാകിസ്താനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന 'സെലന്‍' എന്ന കണ്ടെയ്‌നര്‍ കപ്പല്‍ ഇറാനിയന്‍ നാവികസേന തടഞ്ഞ് തിരിച്ചയച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെയുംപ്രോട്ടോക്കോളുകള്‍ പാലിക്കാതെയുംകടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതിനാണ് നടപടിയെന്ന് കാബൂളിലെ ഇറാനിയന്‍ എംബസി വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഈ മേഖലയിലെ ഗതാഗതം ഏതാണ്ട് നിലച്ച മട്ടിലാണ്. തങ്ങളുടെ അനുവാദമില്ലാതെ ഒരു കപ്പലും ഈ പാതയിലൂടെ കടത്തിവിടില്ലെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍. ഇറാനിയന്‍ നാവികസേനഅഡ്മിറല്‍ അലി റേസ തങ്സിരി ഈ നടപടി സ്ഥിരീകരിക്കുകയും കപ്പലുകള്‍ ഇറാനിയന്‍ അധികൃതരുമായി മുന്‍കൂട്ടി ഏകോപനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കയുമായും ഇസ്രയേലുമായും നിലനില്‍ക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ചില കപ്പലുകള്‍ക്ക് 20 ലക്ഷം ഡോളര്‍ (ഏകദേശം 18.8 കോടി രൂപ) ട്രാന്‍സിറ്റ് ഫീസായി ഇറാന്‍ ഈടാക്കിത്തുടങ്ങി. യുദ്ധത്തിന് വലിയ ചെലവുകള്‍ വരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഇത്തരം ഫീസുകള്‍ ഈടാക്കേണ്ടി വരുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗം അലാവുദ്ദീന്‍ ബൊറൂജെര്‍ഡി പറഞ്ഞു.