കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് റൂം കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് മലബാറിലെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിന്‍ ഗതാഗതം. അതേസമയം, കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്ദി എക്‌സ്പ്രസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.
ട്രെയിന്‍ നമ്പര്‍- 12076 തിരുവനന്തപുരം സെന്‍ട്രല്‍ - കോഴിക്കോട് ജന്‍ശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കല്ലായിയില്‍ സര്‍വീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍ 16511 കെ.എസ്.ആര്‍ ബംഗളൂരു - കോഴിക്കോട് എക്‌സ്പ്രസ്: 2026 ജൂലൈ 08-ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഈ ട്രെയിന്‍ വെസ്റ്റ് ഹില്ലില്‍ സര്‍വീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍ 16512 കോഴിക്കോട് - കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ്: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലില്‍ നിന്ന് ഉച്ചയ്ക്ക് 15.40-ന് (03.40 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും വെസ്റ്റ് ഹില്ലിനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍ 12075 കോഴിക്കോട് - തിരുവനന്തപുരം ജന്‍ശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ കോഴിക്കോടിന് പകരം കല്ലായില്‍ നിന്ന് ഉച്ചയ്ക്ക് 13.50-ന് (01.50 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും കല്ലായിക്കും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.