തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാര്‍ട്ടിക്കുള്ളിലെ പോര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. നേരത്തെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഘടിതമായി എ ഗ്രൂപ്പിന്റെത് നിര്‍ണ്ണായകനീക്കമാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ നേരില്‍ കണ്ട് പരാതി അറിയിച്ചത്.. ഗ്രൂപ്പ് എന്ന നിലയില്‍ ഹൈക്കമാന്‍ഡിന് നല്‍കുന്ന ആദ്യ പരാതിയാണിത്. ബെന്നി ബെഹനാന്‍, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അതൃപ്തി വ്യക്തമാക്കിയത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ കൃത്യമായ ഏകോപനമില്ല, പല പ്രധാന തീരുമാനങ്ങളും കെ.പി.സി.സി അധ്യക്ഷന്‍ പോലും അറിയുന്നില്ല, പരാതി ഇങ്ങനെ നീളുന്നു. പി.എസ്.സി, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്നും, അതിന് സാധിക്കുന്നില്ലെങ്കില്‍ ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനങ്ങളുടെ ചര്‍ച്ചകള്‍ക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്നുമാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം.പാര്‍ട്ടി സജീവമല്ലെന്നും നിശ്ചലമാണെന്നും എ ഗ്രൂപ്പ് പരാതിയില്‍ അറിയിച്ചു. നീക്കം മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് വ്യക്തമാക്കി അട്ടിമറിക്കുള്ള ശ്രമമല്ലെന്ന് വിശദീകരിക്കുകയാണ് നേതാക്കള്‍. പരാതി തങ്ങളെ അവഗണിക്കുന്നതിന് എതിരെയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വരിക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനാല്‍ പല അവഗണനകളും ഇതുവരെ സഹിച്ചു. ഇനി മിണ്ടാതിരിക്കാനാകില്ലെന്നും എ ഗ്രൂപ്പ് വ്യക്തമാക്കുന്നു.