തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിര്‍ക്കുന്നത് ഉള്‍പ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കും.
അന്തര്‍സംസ്ഥാന നദീജല പങ്കുവെക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കും. ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂര്‍ത്തീകരണം എന്നിവയ്ക്കായും സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.