കോഴിക്കോട്: ഏഴുതവണ ശസ്ത്രക്രീയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡി സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആസ്റ്റര്‍ മെഡി സിറ്റി ആശുപത്രി ഷീബയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. വിദഗ്ദ ചികിത്സ ലഭ്യമായത് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.ഒരു വര്‍ഷത്തിനിടയില്‍ 7 ശസ്ത്രക്രിയകള്‍ക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.
ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനക്ക് ശമാനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ഷീബയുടെ ആരോപണം.
രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലര്‍ക്ക് കൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമസഭയില്‍ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടികാട്ടിയാണ് കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
അതേസമയം ശസ്ത്രക്രിയയ്ക്കു ശേഷം വയറില്‍ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗികളില്‍നിന്ന് ഇടനിലക്കാര്‍ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.