ശൈശവവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബില്‍ പാസാക്കി; രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം
ജയ്പൂര്‍: ശൈശവ വിവാഹം ഉള്‍പ്പെടെയുള്ള വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യാനുള്ള ബില്‍ പാസ്സാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2009 ലെ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ വെള്ളിയാഴ്ചയാണ് പാസ്സാക്കിയത്. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ വിവാഹം നടന്ന് 30 ദിവസത്തിനുള്ളില്‍ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ നല്‍കണമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തി ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശൈശവവിവാഹ രജിസ്‌ട്രേഷന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം ബില്‍ പിന്‍വലിക്കണെന്നും ആവശ്യപ്പെട്ടു. അതേ സമയം സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഈ ബില്‍ പാസ്സാക്കിയാല്‍ നിയമസഭയുടെ കറുത്ത ദിവസമായിരിക്കും. ശൈശവ വിവാഹങ്ങള്‍ ഏകകണ്ഠമായി അനുവദിക്കാന്‍ നിയമസഭ അനുവദിക്കുന്നുണ്ടോ നിയമസഭയുടെ ചരിത്രത്തില്‍ ഈ ബില്‍ കറുത്ത അധ്യായം രചിക്കും. ബിജെപി എംഎല്‍എ അശോക് ലഹോട്ടിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശൈശവ വിവാഹം സാധുതയുള്ളതാണെന്ന് ഈ ബില്ലില്‍ ഒരിടത്തും പറയുന്നില്ലന്ന് രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ വ്യക്തമാക്കി. ശൈശവ വിവാഹത്തിന് സാധുതയുണ്ടെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ഭേദഗതിയില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാള്‍ക്ക് ഈ രേഖയുടെ അഭാവത്തില്‍ യാതൊരു സര്‍ക്കാന്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. ധരിവാള്‍ പറഞ്ഞു.
പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്ട്രേഷന്‍ ഓഫീസര്‍ ബ്ലോക്ക് തലം വരെയുള്ള രജിസ്ട്രേഷന്‍ നടത്തും. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. പ്രതിപക്ഷം ബില്ലിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.