തിരുവനന്തപുരം : ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്നൊന്നും നോക്കില്ല 'തീരുമാനം' എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. എംഎല്‍എ ഹോസ്റ്റല്‍ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡിജിപിക്ക് രമ പരാതി നല്കി.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. 'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടില്‍ ഉറച്ച് നിന്ന മണി പക്ഷേ ഒടുവില്‍ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവന പിന്‍വലിച്ചു. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്ന് എംഎം മണി അറിയിച്ചു.