എക്സ്പോ 2020 ദുബൈ മേളയുടെ നഗരിയിൽ സൈക്കിളിൽ സന്ദർശനം നടത്തി ദുബൈ ഭരണാധികാരി.
ദുബൈ: ലോകത്തിന്റെ കണ്ണും കരളും കവരാൻ അടുത്ത മാസം എക്സ്പോ 2020 ദുബൈ തുടങ്ങാനിരിക്കെ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേളയുടെ നഗരിയിൽ സൈക്കിളിൽ സന്ദർശനം നടത്തി. എക്സ്പോയിലെ വിവിധ ഭാഗങ്ങൾ ചെറുസംഘത്തോടൊപ്പം സന്ദർശിച്ച അദ്ദേഹം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായത് നേരിട്ട് വിലയിരുത്തി.
ലോകത്തിന് അത്ഭുതകരമായ അനുഭവമായിരിക്കും എക്സ്പോയെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെടുകയും ചെയ്തു.
ദുബൈ മീഡിയ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സൈക്കിൾ സന്ദർശന ചിത്രങ്ങൾ കുറഞ്ഞ സമയത്തിനകം വെർച്വൽ ലോകത്ത് വൈറലായി.
സെപ്റ്റംബർ ഒന്നിന് നഗരിയിൽ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു.