പീഡനക്കേസ് വ്യാജം, സിബിഐയോട് സത്യം പറഞ്ഞതിന് പരാതിക്കാരി പ്രതികാരം ചെയ്യുന്നു: പിസി ജോര്‍ജ്ജ്


 



തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ താന്‍ സിബിഐക്ക് സത്യസന്ധമായി മൊഴി നല്‍കിയതിനുള്ള പ്രതികാരമായാണ് തന്റെ പേരില്‍ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോര്‍ജ്ജ്. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി കേസില്‍ അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൌസില്‍ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താന്‍ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നല്‍കി. ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ എന്റെ പേരില്‍ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.

അതേസമയം അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജും മാധ്യമങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോള്‍ നിയമവിരുദ്ധമായി പിസി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോര്‍ജ്ജ് ക്ഷുഭിതനായി ചോദിച്ചു. 

ഇതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം പിസി ജോര്‍ജ്ജിന് നേരെ തിരിഞ്ഞു. ജോര്‍ജ്ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി. മാപ്പ് പറയാതെ ജോര്‍ജ്ജും കടുപ്പിച്ചു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് ജോര്‍ജ്ജിനെവണ്ടിയില്‍ കേറ്റി നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റിയത്. 

പി.സി.ജോര്‍ജ്ജ് പറയുന്നതിങ്ങനെ: പതിനൊന്നരയ്ക്ക് ഒരു കടലാസില്‍ അവര്‍ (പരാതിക്കാരി) പൊലീസില്‍ പരാതി എഴുതി നല്‍കി. അതിലാണ് ഇപ്പോള്‍ കേസ് എടുത്തത്. ഇന്ന് എന്നെ ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. അവര്‍ മാന്യമായി എന്നോട് പെരുമാറി. അതിനിടയിലാണ് മറ്റൊരു കേസ് എടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ എത്തിയത്. ഇനിയെന്നെ കോടതിയില്‍ ഹാജരാക്കും. ചിലപ്പോള്‍ റിമാന്‍ഡ് ചെയ്‌തേക്കും എന്നാലും വേണ്ടില്ല ഇക്കാര്യത്തില്‍ സത്യം തെളിയിക്കും. 

വര്‍ഷങ്ങളായി പൊതുരംഗത്തുള്ള ആളാണ് ഞാന്‍. അവള്‍ (പരാതിക്കാരി) തന്നെ പണ്ട് പറഞ്ഞിട്ടുണ്ട് ഞാന്‍ പോയ രാഷ്ട്രീയക്കാരെല്ലാം എന്നെ പീഡിപ്പിച്ചെന്നും മാന്യത കാണിച്ചത് പിസി ജോര്‍ജ്ജ് മാത്രമാണെന്നും ഇനി അവള്‍ മാറ്റി പറയട്ടേ... മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് ഇവള്‍ നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അവള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് പീഡിപ്പിച്ചെന്ന പറഞ്ഞ പരാതിക്കാരി പിന്നെ അത് ക്ലിഫ് ഹൌസില്‍ വച്ച് പീഡിപ്പിച്ചു എന്ന് മാറ്റി. സിബിഐക്കാര്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ഞാന്‍ പറഞ്ഞു. അതിന് പ്രതികാരം ചെയ്യാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു വ്യാജപരാതിയും കൊണ്ടു വന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media