ചണ്ഡിഗഡ്: ഹരിയാനയിസലെ നുഹില്‍ ആറ് പേരുടെ ജീവനെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന് ശേഷം വീണ്ടും വിവാദ പ്രസ്താവനകളുമായി ഹിന്ദു പഞ്ചായത്ത്. ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങള്‍ വീതം നല്‍കണമെന്നും ഞായറാഴ്ച പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
മേവാത്തില്‍ നിന്നും പുറത്തു നിന്ന് വന്നവരെ തിരിച്ചയക്കണം എന്ന് ഗൗ രക്ഷക് ദള്‍ നേതാവ് ആചാര്യ ആസാദ് ശാസ്ത്രി ആവശ്യപ്പെട്ടു. നുഹ് ജില്ലയുടെ ജില്ലാ പദവി റദ്ദാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നുഹ് സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും, പരിക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും, സാധനങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്ക് അതിനുള്ള പൂര്‍ണ നഷ്ടപരിഹാരവും നല്‍കണമെന്നും ആവശ്യപ്പെട്ടു. നുഹിനെ പല്‍വാള്‍, ഗുരുഗ്രാമം ജില്ലകളുമായി ലയിപ്പിക്കണമെന്നും സംഘര്‍ഷത്തിലെ ഉത്തരവാദികളുടെ വിചാരണ നുഹിന് പുറത്തു വെച്ച് നടത്തണമെന്നു ആവശ്യം ഉന്നയിച്ചു.
28 ന് നൂഹില്‍ വീണ്ടും ഘോഷയാത്ര നടത്തും എന്നും പല്‍വാളില്‍ നടന്ന യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. പല്‍വാളിലെ കിറ ഗ്രാമത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിന്ദു പഞ്ചായത്തിന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പോണ്ട്രി ഗ്രാമത്തിലാണ് നടത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാവരുതെന്ന നിബന്ധന മുന്നോട്ടുവെച്ചാണ് അഞ്ഞൂറോളം പേര്‍ക്ക് ഒരുമിച്ച് കൂടാനുള്ള അനുമതി നല്‍കിയത്.