ഓക്‌സിജന്‍ വിതരണത്തിലേക്ക് കടന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ.
രാജ്യത്ത് കോവിഡ് അതി തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ വിതരണത്തിലേക്ക് കടന്നിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും. ഐഒസിയും ബിപിസിഎല്ലും തങ്ങളുടെ റിഫൈനറികളില്‍ നിന്നുളള ഓക്‌സിജന്‍ കൊവിഡ് ഏറ്റവും ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിതരണത്തിനായി നല്‍കാന്‍ ആരംഭിച്ച് കഴിഞ്ഞു. ദില്ലി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിലേക്കായി 150 ടണ്‍ ഓക്‌സിജന്‍ ഇതിനകം വിതരണം നടത്തിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രസ്തവനയില്‍ അറിയിച്ചു.
ദില്ലിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയിലേക്കാണ് ആദ്യത്തെ ബാച്ച് മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ കയറ്റി അയച്ചത് എന്നും പ്രസ്താവനയില്‍ പറയുന്നു. ദില്ലി ഇതിനകം തന്നെ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുകയാണ്. ഐഒസിയുടെ മോണോ ഇഥിലിന്‍ ഗ്ലൈക്കോള്‍ യൂണിറ്റില്‍ ഉപയോഗിച്ചിരുന്ന ഹൈ പ്യൂരിറ്റി ഓക്‌സിന്‍, പാനിപ്പത്തിലെ റിഫൈനറിയിലേക്കും ഹരിയാനയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിലേക്കും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി വഴിതിരിച്ച് നല്‍കിയിരിക്കുകയാണ്. അതിനിടെ തങ്ങള്‍ 100 ടണ്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചതായി ബിപിസിഎല്‍ മറ്റൊരു പ്രസ്താവനയില്‍ വ്യക്തമാക്കി. കൊച്ചി റിഫൈനറിയില്‍ നിന്നും ബിപിസിഎല്‍ കേരളത്തിലേക്ക് പ്രതിദിനം 1.5 ടണ്‍ ഓക്‌സിജന്‍ വിതരണം നടത്തുന്നുണ്ട്.