ക്രൂഡ് ഓയിൽ വില 70 ഡോളര്‍ കടന്നു
ഇന്ത്യയിൽ തുടര്‍ച്ചയായി ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് പ്രകാരം രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 91.17 രൂപയായും ഡീസല്‍ ലീറ്ററിന് 81.47 രൂപയായും തുടരുന്നു. ഫെബ്രുവരി 27 -നാണ് ഇന്ധനവില അവസാനമായി ഇന്ത്യയില്‍ പുതുക്കിയത്. അന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 15 പൈസയും വീതം വര്‍ധിച്ചിരുന്നു. കേരളത്തില്‍ 93.05 രൂപയാണ് പെട്രോളിന് വില. ഡീസലിന് വില 87.53 രൂപയും. ഇതേസമയം, തിങ്കളാഴ്ച്ച രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 70 ഡോളറിന് മുകളിലേക്ക് ക്രൂഡ് വില ഇന്ന് കൂടി.
സൗദി അറേബ്യയുടെ ക്രിഴക്കന്‍ പ്രവിശ്യയിലുള്ള അരാംകോ എണ്ണ പ്ലാന്റിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ബാരലിന് 70.82 ഡോളറാണ് ഇന്ന് അസംസ്‌കൃത എണ്ണവില. വിലവര്‍ധനവ് 2.11 ശതമാനം. 2019 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ക്രൂഡ് വില ഇത്രയേറെ ഉയരുന്നത്. യുഎസ് ക്രൂഡിനും ഇന്ന് വില വര്‍ധിച്ചു. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഗണത്തിന്റെ ഏപ്രില്‍ ഫ്യൂച്ചറുകള്‍ 1.60 ഡോളര്‍ ഉയര്‍ന്ന് 67.69 ഡോളര്‍ വില രേഖപ്പെടുത്തി. 2.4 ശതമാനം വര്‍ധനവ്.