തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായ സത്കാരത്തില്‍ പങ്കെടുത്തത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചായ സത്കാരത്തില്‍നിന്നും വിട്ടുനിന്നുകൊണ്ടുള്ള അസാധാരണ നടപടി മുഖ്യമന്ത്രിയില്‍നിന്നും മന്ത്രിമാരില്‍നിന്നുമുണ്ടായത്. അതേസമയം, പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനും രജിസ്‌ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കുമെന്നുമാണ് സൂചന. വകുപ്പുകള്‍ സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കെബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും ലഭിക്കുക.