കാറുകളില്‍ ഇനി മൂന്നിടത്ത് നമ്പര്‍ പ്ലേറ്റ്; അലങ്കാര പണികള്‍ പാടില്ലെന്നും മൂന്നാം പ്ലേറ്റ് ഇളക്കരുതെന്നും നിര്‍ദേശം
കൃത്യമായ രീതിയില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കു നേരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി പ്രത്യേക പരിശോധന തന്നെ നടത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. എം.കെ. ജയേഷ് കുമാര്‍. പരിശോധനയ്ക്കായി ജില്ലയിലെ ആറ് സ്‌ക്വാഡുകള്‍ക്കും നിര്‍ദേശവും കൊടുത്തു.
പരിശോധന ആരംഭിച്ച് മൂന്നുദിവസത്തിനുള്ളില്‍ തന്നെ 30 വാഹനങ്ങളാണ് വിവിധ സ്‌ക്വാഡുകള്‍ പിടിച്ചത്. ഇവരില്‍നിന്നും 2,000 മുതല്‍ 5,000 രൂപ വരെയാണ് പിഴ ഈടാക്കിയത്. നമ്പര്‍ ഇഷ്ടത്തിനനുസരിച്ച് എഴുതുന്നത് 2019 ഏപ്രില്‍ മാസത്തിനുമുമ്പ് രജിസ്റ്റര്‍ചെയ്ത വാഹനങ്ങളിലാണ്. ഹൈ സെക്യൂരിറ്റി നമ്പര്‍ ബോര്‍ഡ് പ്രാവര്‍ത്തികമായതുകൊണ്ട് ഏപ്രിലിനുശേഷം രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ക്കെല്ലാം ഏകീകൃത സ്വഭാവമാണ്.
മൂന്നിടങ്ങളില്‍ കാറിന്റെ നമ്പര്‍ പ്രദര്‍ശിപ്പിക്കണം
കാറുകള്‍ക്ക് രണ്ടിടങ്ങളിലല്ല മൂന്നിടങ്ങളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. 2019 ഏപ്രില്‍ മാസത്തിനു ശേഷമിറങ്ങിയ കാറുകള്‍ക്കാണ് മൂന്നിടത്ത് നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടത്. വാഹനത്തിന് പിറകിലും മുന്നിലും കൂടാതെ മുന്‍വശത്തെ ഗ്ലാസിലും നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചത്. ഹൈ സെക്യൂരിറ്റി നമ്പര്‍ ബോര്‍ഡുകള്‍ ഘടിപ്പിക്കുന്നുണ്ടെങ്കിലും ഗ്ലാസിലെ നമ്പര്‍ ബോര്‍ഡ് പലരും പ്രദര്‍ശിപ്പിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത് .