കൊച്ചി: തൃക്കാക്കരയില്‍ ) സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍ കുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമായ അഡ്വക്കേറ്റ് കെ എസ് അരുണ്‍ കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ് തൃക്കാക്കരയിലേത്. ഡിവൈഎഫ് ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അരുണ്‍ കുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധിയായി സുപരിചിതനാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടി നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇടതുപക്ഷമിറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. വികസനം പറഞ്ഞ് വോട്ട് തേടുന്ന ഇടതുമുന്നണി തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുകയാണ്. മന്ത്രി പി.രാജീവും സെക്രട്ടേറിയറ്റംഗം എം.സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.