സില്‍വര്‍ലൈന്‍: തരൂരും ചുവടമാറ്റി
വന്ദേഭാരത് ബദലായേക്കാമെന്ന്
തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പരസ്യ നിലാപടുമായി രംഗത്തെത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂര്‍ പറയുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം പദ്ധതിയ്ക്ക് അനുകൂലമായ നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും പദ്ധതിയെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ മനസിലാക്കാതെയുള്ള പ്രതിഷേധങ്ങള്‍ ശരിയല്ലെന്ന നിലപാടായിരുന്നു തരൂരിന്റേത്.