കോഴിക്കോട്: അതിര്‍ത്തി കടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദത്തിന്റെ വേരറുക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എം.കെ രാഘവന്‍ എം.പി. തീവ്രവാദത്തിനെതിരെ അതിര്‍ത്തിയില്‍ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെയും എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ സന്ദേശ റാലി ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദികളെ മറയാക്കി ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ യുദ്ധം തുടങ്ങിയിട്ട് സ്വാതന്ത്യസമരകാലത്തോളം പഴക്കമുണ്ട്. പഹല്‍ഗാമിലും ഇതാണ് ആവര്‍ത്തിച്ചത്. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ജീവഹാനി സംഭവിക്കാതെ തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത സൈനികര്‍ ഓരോ ഭാരതീയന്റെയും അഭിമാനമാണ്. ഒരു യുദ്ധവും മാനവരാശിക്ക് നല്ലതല്ലെന്നും എന്നാല്‍ തീവ്രവാദത്തെ ചെറുക്കേണ്ടത് രാജ്യത്തിന്റെ പരമാധികാരത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് ആപത്ഘട്ടത്തിലും രാജ്യത്തെ കാത്തു രക്ഷിക്കുന്നവരാണ് സൈനികരെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആറ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇത് അത്യന്തം സങ്കടകരമാണ്. വീരമൃത്യു വരിച്ച ഓരോ ധീര ജവാന്മാരോടും അവരുടെ കുടുംബാഗങ്ങളോടും രാജ്യത്തെ 141 കോടി ജനങ്ങളില്‍ ഓരോരുത്തരും കടപ്പെട്ടിട്ടുണ്ടെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനത്ത് നിന്ന്് ആരംഭിച്ച റാലി മാനാഞ്ചിറ സ്‌ക്വയറില്‍ അവസാനിപ്പിച്ചു. മാനാഞ്ചിറ സ്‌ക്വയറില്‍ വെച്ച് ഭീകര വിരുദ്ധ പ്രതിജ്ഞയും, ദീപം തെളിയിക്കലും നടത്തി. വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് പുഷ്പാര്‍ച്ചന നടത്തി. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ്, ഡോ.നാരായണന്‍കുട്ടി വാര്യര്‍, ഡോ.എന്‍.കെ മുഹമ്മദ് ബഷീര്‍, സാജു ജെയിംസ് എന്നിവര്‍ സംബന്ധിച്ചു.
--