വാണിജ്യ ആസ്ഥാനമായി മാറാന്‍ റിയാദ് തയാറെടുക്കുന്നു
റിയാദ്: വാണിജ്യ രംഗത്ത് ദുബൈയോട് കിടപിടിക്കാന്‍ സൗദി തലസ്ഥാന നഗരം ഒരുങ്ങുന്നു. ലോക വാണിജ്യരംഗത്തിന്റെ മിഡിലീസ്റ്റിലെ ആസ്ഥാനമായി മാറാനാണ് റിയാദ് നഗരത്തിന്റെ തയ്യാറെടുപ്പ്. ബഹുരാഷ്ട്ര കമ്പനികള്‍ റിയാദില്‍ റീജ്യണല്‍ ഓഫീസ് തുറക്കുന്നു. ഇതിനായി ഇതിനകം 44 അന്താരാഷ്ട്ര കമ്പനികളാണ് ലൈസന്‍സ് നേടിയത്.
നിക്ഷേപ മന്ത്രി എന്‍ജി. ഖാലിദ് അല്‍ ഫാലിഹ്, റിയാദ് സിറ്റി റോയല്‍ കമീഷന്‍ സി.ഇ.ഒ ഫഹദ് ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍റഷീദ് എന്നിവര്‍ കമ്പനി പ്രതിനിധികള്‍ക്ക് ലൈസന്‍സ് കൈമാറി. 10 വര്‍ഷത്തിനുള്ളില്‍ 480 കമ്പനികള്‍ ഇങ്ങനെ റിയാദില്‍ റീജ്യണല്‍ ഓഫീസുകള്‍ തുറക്കും. അതോടെ മിഡിലീസ്റ്റിലെ പ്രധാന ട്രേഡിങ് ഹബ്ബായി റിയാദ് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഈ പദവി ദുബൈക്കാണ്.
റിയാദില്‍ അനുകൂല സാഹചര്യമൊരുങ്ങുന്നതോടെ പല കമ്പനികളും ദുബൈയില്‍ നിന്ന് റിയാദിലേക്ക് ചുവടുമാറ്റം നടത്തും. വിഭവശേഷിയുടെ കാര്യത്തില്‍ സൗദി അറേബ്യയാണ് മുന്നില്‍ എന്നത് കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. രാജ്യത്തെ സാമൂഹികാന്തരീക്ഷവും കൂടി അനുകൂലമാകുന്നതോടെ കമ്പനികളൊന്നും മടിച്ചുനില്‍ക്കില്ല. നിലവില്‍ സാംസങ്, സീമെന്‍സ്, പെപ്സികോ, യുണിലിവര്‍, ഫിലിപ്സ്, ചൈനയിലെ ദീദി തുടങ്ങിയ കമ്പനികളൊക്കെ ഇതിനകം റിയാദില്‍ പ്രാദേശിക ആസ്ഥാനമുറപ്പിക്കാന്‍ ലൈസന്‍സ് നേടിയവയാണ്.
ഡെന്മാര്‍ക്കിലെ കാറ്റാടി ഊര്‍ജ ഉദ്പാദന കമ്പനിയായ വെസ്റ്റാസ് മിഡിലീസ്റ്റ് ആസ്ഥാനം റിയാദിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഭീമന്‍ കമ്പനികള്‍ റിയാദിലേക്ക് പ്രാദേശിക ആസ്ഥാനം മാറ്റുന്നതോടെ 18 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപം ഒറ്റയടിക്ക് സൗദിയിലേക്ക് വരും. 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.