ദില്ലി: അടുത്ത 25 വര്‍ഷം രാജ്യത്തിന് അതിനിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കാര്യങ്ങളില്‍ എല്ലാവരും ശ്രദ്ധ ഊന്നണം. പഞ്ച് പ്രാണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തില്‍ നിന്ന് പൂര്‍ണമായും മാറണം. പാരമ്പര്യത്തില്‍ അഭിമാമം കൊള്ളണം. പൗരധര്‍മ്മം പാലിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു
ഭാഷയിലേയും പ്രവൃത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75 വര്‍ഷം ഉയര്‍ച്ച താഴ്ചകളുടേത് ആയിരുന്നു. വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ മുന്നേറി. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്‌നങ്ങള്‍ക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയില്‍ നിന്നാണ്. രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. ഇതില്‍ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. താന്‍ ശ്രമിച്ചത് ശാക്തീകരണത്തിനാണ്. രാജ്യം ഇപ്പോള്‍ പുത്തനുണര്‍വില്‍ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണര്‍വിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്. ഇത് ഐക്യ ഇന്ത്യയിലേക്ക് നമ്മളെ നയിക്കും. ഇതിന് പൂര്‍വികര്‍ നല്‍കിയ പൈതൃകമുണ്ട്. ഇന്ത്യയെ 24 മണിക്കൂറും കാക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോകം പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആഗോളതാപനത്തെ പരിഹരിക്കുന്നതിന് ശ്രമം വേണം. പ്രകൃതിയിലും ജീവനിലും ദൈവത്തെ കാണുന്നവരാണ് ഭാരതീയര്‍ എന്നും മോദി പറഞ്ഞു. ആത്മനിര്‍ഭര്‍ ഇന്ത്യ സര്‍ക്കാര്‍ പരിപാടി അല്ല. എല്ലാ പൗരന്മാരുടെയും സര്‍ക്കാരുകളുടെയും കടമയാണ്. ഇത് വിജയിപ്പിക്കാന്‍ കൂട്ടായ പരിശ്രമം വേണം. ബഹിരാകാശത്ത് നിന്ന് സമുദ്രത്തിന്റെ ആഴങ്ങളിലേക്കുള്ള ഗവേഷണത്തിന് യുവാക്കളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. അതാണ് ഡീപ് ഓഷ്യന്‍ മിഷന്‍ വിപുലീകരിക്കുന്നത്.
കുടുംബ രാഷട്രീയവും അഴിമതിയുമാണ് രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് തൂത്തെറിയപ്പെടണം. ഇതിന് രാജ്യം ഒപ്പം നില്‍ക്കണം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താന്‍. ജനങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്‌ക്കാരത്തെ അതേപടി അനുകരിക്കേണ്ട, നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം. അങ്ങനെ തന്നെ തുടരണം. പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഊന്നിയതാണ്.
ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണ് ഇത്. നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു.വി ഡി സവര്‍ക്കറേയും നരേന്ദ്ര മോദി പരാമര്‍ശിച്ചു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവടക്കം ഉള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിഭജനത്തെ ഹൃദയവേദനയോടെയാണ് അനുസ്മരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു,
ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയില്‍ എത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.ശേഷംഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വായു സേന ഹെലികോപ്ടറുകള്‍ ഈ സമയം പുഷ്പ വൃഷ്ടി നടത്തി. ചെങ്കോട്ട കനത്ത സുരക്ഷ വലയത്തില്‍ ആണ്. 10000 പൊലീസ് ആണ് സുരക്ഷ ഒരുക്കുന്നത് .