വിഎസ്; സംഭവ ബഹുലം പ്രൗഢോജ്്ജ്വലം ഈ ജീവിതം
 



വിഎസ് അച്യുതാനന്ദന്‍ എന്ന ഇതിഹാസത്തിന് ഇന്ന് നൂറ് വയസ്. ത്യാഗ പൂര്‍ണ്ണവും സമര്‍പ്പണവുമായിരുന്നു ആ ജീവിതം. ശതാബ്ദിയിലെത്തിയ ആ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. 
1923 ഒക്ടോബര്‍ 20നായിരുന്നു  വിഎസിന്റെ  ജനനം.അമ്പലപ്പുഴ പുന്നപ്ര വെന്തലത്തറ എന്ന ഓലമേഞ്ഞ വീട്. അവിടെ ശങ്കരന്റെയും അക്കമ്മയുടേയും മകനായി അച്യുതാനന്ദന്‍  ജനിച്ചു.
 ജനിച്ച് പത്താം മാസമായിരുന്നു കേരളത്തെ മുക്കിയ  വെളളപ്പൊക്കം. അച്യുതാനന്ദന്റെ  അതിജീവനങ്ങളുടെ തുടക്കം അവിടെയായിരുന്നു.

അടുത്ത പരീക്ഷണം വസൂരിയായിരുന്നു. 1927അച്യുതാനന്ദന് അന്ന് വയസ്സു നാല്. നാട്ടില്‍ ആദ്യം വസൂരി ബാധിച്ചത് മാതാവ് അക്കമ്മയ്ക്കാണ്. അതോടെ മക്കളെ പാടത്തിനക്കരെ അപ്പച്ചിയുടെ വീട്ടിലേക്കു മാറ്റി. ഗംഗാധരനും പുരുഷോത്തമനും അച്യുതാനന്ദനും പിന്നെ ആഴിക്കുട്ടിയും. ഇവരായിരുന്നു മക്കള്‍. വസൂരി നാട്ടിലെ മറ്റുപലരേയും എന്നതുപോലെ അക്കമ്മയെയും കൊണ്ടുപോയി.. കുട്ടികള്‍ നാലുപേരും പിന്നെ എന്നേക്കും അപ്പച്ചിയുടെ മേല്‍നോട്ടത്തിലായി.

1934ല്‍ പിതാവ് ശങ്കരന്‍ മരിക്കുന്നു. അന്ന്  അച്യുതാനന്ദന് വയസ്സ് 11. അതോടെ ഏഴാം ക്ലാസില്‍ പഠിത്തം നിന്നു. തയ്യല്‍ക്കട നടത്തിയിരുന്ന ജ്യേഷ്ഠന്‍ ഗംഗാധരന്‍ അച്യുതാനന്ദനെ ഒപ്പം കൂട്ടി. ജ്യേഷ്ഠന്റെ പീടികയില്‍ രണ്ടാള്‍ക്കു ജീവിക്കാനുള്ളത് ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ കയര്‍ ഫാക്ടറിയിലേക്ക്.  അയ്യായിരം തൊഴിലാളികള്‍ ഉണ്ടായിരുന്ന ആസ്പിന്‍വാള്‍ എന്ന കമ്പനിയില്‍ നിന്നാണ് പി. കൃഷ്ണപിള്ള അച്യുതാനന്ദനിലെ നേതാവിനെ കണ്ടെത്തുന്നത്.

1940ലാണ് വിഎസ് അച്യുതാനന്ദന്  പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. 1939ല്‍ കണ്ണൂര്‍ പാറപ്പുറത്തു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായ സമയമായിരുന്നു അത്. പുന്നപ്രയില്‍ ആദ്യ അംഗത്വം അച്യുതാനന്ദനായിരുന്നു.  1943ല്‍ ബോംബെയില്‍ ആയിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോ ണ്‍ഗ്രസ്. അതിനു മുന്നോടിയായി കോഴിക്കോട് നടന്ന സമ്മേളനമായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം എന്നു വിളിക്കാവുന്നത്. അതില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറവുള്ളയാളായിരുന്നു വി എസ്.

1946 ഒക്ടോബര്‍ 24ന് ആണ് പുന്നപ്ര വയലാര്‍ സമരങ്ങളുടെ തുടക്കം. 27ന്‌വെടിവയ്പ്പ്. വിഎസ് പൂഞ്ഞാറില്‍ വച്ച് പിടിയിലാകുന്നത് പിറ്റേന്ന് ഒക്ടോബര്‍ 28ന്. ആദ്യം മര്‍ദനമേറ്റത് പൂഞ്ഞാര്‍ പൊലീസ് സ്റ്റേഷനില്‍. പിന്നെ പാലാ ഔട്ട്പോസ്റ്റില്‍. ഇടിയന്‍ നാരായണപിള്ള എന്നു കുപ്രസിദ്ധനായിരുന്ന എസ്ഐ ബയണറ്റു കുത്തിയിറക്കിയതിന്റെ പാട് വിഎസിന്റെ കണങ്കാലില്‍ ഇപ്പോഴും മായാതെയുണ്ട്.

1947 ഓഗസ്റ്റ് 15. ഇന്ത്യ സ്വാതന്ത്രയാകുമ്പോള്‍ സ്വാതന്ത്ര്യം കിട്ടാതെ ജയിലില്‍ കഴിഞ്ഞ രണ്ടു നേതാക്കളാണ് എകെജിയും വിഎസും. എകെജി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിഎസ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും.

1957ല്‍ കേരളം പിറന്ന് ആദ്യ സര്‍ക്കാര്‍ രൂപംകൊള്ളുമ്പോള്‍ വിഎസിനും ഉണ്ടായിരുന്ന വലിയ പദവി. സര്‍ക്കാരിനെ ഉപദേശിക്കാനുള്ള ഒന്‍പതംഗം പാര്‍ട്ടിസമിതിയിലെ ചെറുപ്പക്കാരന്‍. കേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ദേവികുളത്തു നടക്കുമ്പോള്‍ ഇടതുമുന്നണിയുടെ പ്രചാരണ ചുമതലയും വിഎസിന് ആയിരുന്നു.

1964 - പാര്‍ട്ടി പിളര്‍പ്പിലേക്ക്. അന്ന്  സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വിഎസ്. അന്നു കേരളത്തില്‍ സിപിഐഎം ഓഫിസുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നയാള്‍.


1965ല്‍ അമ്പലപ്പുഴയില്‍ നിന്ന് ആദ്യ തെരഞ്ഞെടുപ്പു മത്സരം.  ആര്‍ക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത ഫലം വന്ന ആ തെരഞ്ഞെടുപ്പില്‍ വിഎസ് തോറ്റു. പക്ഷേ, 1967ല്‍ അതേ മണ്ഡലത്തില്‍ നിന്നു ജയിച്ച് സഭയില്‍ എത്തി. ഇതിനിടെ തന്നെ ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ചും പിന്നീട് അടിയന്തരാവസ്ഥ കാലത്തുമൊക്കെ നിരവധി ജയില്‍വാസങ്ങള്‍.

1980 മുതല്‍ 1992 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. 1990ലെ വെട്ടിനിരത്തല്‍ സമരവും നിരവധി രാഷ്ട്രീയ ഇടപെടലുകളും. ഇടമലയാര്‍, പാമോലിന്‍ പോലുള്ള കേസുകള്‍ ഇക്കാലത്താണ്. 1996ല്‍ വിഎസ് മുഖ്യമന്ത്രിയാകും എന്ന് കരുതിയ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്തുതോല്‍വി. 2001ല്‍ പ്രതിപക്ഷ നേതാവ്.


2006ല്‍ വിഎസിന് സീറ്റ് നല്‍കാനും പിന്നീട് മുഖ്യമന്ത്രിയാക്കാനും കേരളം മുഴുവന്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍. ഒരു നേതാവിനു വേണ്ടി പാര്‍ട്ടി നടത്തിയ ആദ്യ തിരുത്തായിരുന്നു ആ സീറ്റുനല്‍കല്‍. 2011ല്‍ വെറും മൂന്നു സീറ്റു കൂടി കിട്ടിയിരുന്നെങ്കില്‍ കേരളത്തിലെ ആദ്യ ഭരണത്തുടര്‍ച്ച അതാകുമായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media