തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 2022 - 23 അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
സംസ്ഥാനത്ത് 21 സ്‌കൂളുകള്‍ മിക്‌സഡാക്കിയിട്ടുണ്ട്. പാഠ പുസ്തകങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റിംഗ് നടത്തും. ജെന്‍ഡര്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല. പൊതുവേ സ്വീകാര്യമായ യൂണിഫോം മതി. ക്ലാസുകളിലും ക്യാമ്പസിലും കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത്. ഇതു സംബന്ധിച്ച് കൊവിഡ് കാലത്ത് നല്‍കിയ ഇളവ് നീക്കിയിട്ടുണ്ട്. മൊബൈല്‍ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി നേരത്തെയും പറഞ്ഞിരുന്നു. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്‌സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും. നവംബറില്‍ തിരുവനന്തപുരത്താണ് സംസ്ഥാന സ്‌കൂള്‍ കായികമേള.