മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.
കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടര്‍ന്ന് വൈകിട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയത്. ഏഴ് ഷട്ടറുകളില്‍ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്റി മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടര്‍ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കി.
അതേസമയം, ആളിയാര്‍ ഡാമില്‍ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. രാത്രി 12 മണിയോടെയാണ് ഷട്ടറുകള്‍ 12 സെന്റി മീറ്ററായി താഴ്ത്തിയത്. 2800 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് വിടുന്നത്. പാലക്കാട് രാത്രി ഒറ്റപ്പെട്ട മഴ ഇപ്പോള്‍ മഴയില്ല.
ഇടുക്കി പൊന്‍മുടി ഡാം രാവിലെ 9 മണിക്ക് തുറക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്‌സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടും എന്നാണ് കളക്ടര്‍ അറിയിച്ചത്. പൊന്മുടി പുഴയില്‍ 60 സെന്റീ മീറ്റര്‍ വരെ ജലം ഉയരാം. പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂര്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മരങ്ങള്‍ കട പുഴകി വീഴുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.