കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കയാണ്. മികവു കാട്ടി നടക്കുന്ന പലതും കപടമാണെന്നാണ് കമ്മീഷന്‍ വരികള്‍ക്കുള്ളിലൂടെ പറയുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങുന്നതിങ്ങനെയാണ്.
''തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്.''്. ഈ വരികള്‍ ഇരുത്തി വായിച്ചാല്‍ ഒരുപാട് ആന്തരികാര്‍ത്ഥങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്.
സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്മാര്‍ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകര്‍ത്ത് അവര്‍ അകത്തേക്കു കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിംഗിനെത്തുന്നത്. പല നടിമാരും നല്‍കിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങള്‍ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങളും ഉണ്ടായി. എന്നാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നു. കേസിനു പോകുകയാണെങ്കില്‍ പ്രശസ്തരായതിനാല്‍ സൈബര്‍ ആക്രമണം പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് നടിമാര്‍ ഭയക്കുന്നു.കോടതിയേയോ പോലീസിനേയോ സമീപിച്ചാല്‍ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാമെന്നും നടിമാര്‍ ഭയക്കുന്നു - കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.