ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു.
ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന നിലയ്ക്കാണ് ഇടപാടുകള്‍ നടത്തുന്നത് (0.8 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി 15,850 മാര്‍ക്കിലും തുടരുന്നു.
തുടക്കത്തിൽ സെന്‍സെക്‌സില്‍ മാരുതി സുസുക്കിയാണ് കാര്യമായി മുന്നേറുന്നത്. 2 ശതമാനം നേട്ടം കുറിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളും 1 ശതമാനത്തിന് മുകളില്‍ നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്.
മറുഭാഗത്ത് ഹിന്ദുസ്താന്‍ യൂണിലെവര്‍ (-0.39 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (-0.33 ശതമാനം), നെസ്‌ലെ ഇന്ത്യ (-0.30 ശതമാനം), ബജാജ് ഓട്ടോ (-0.29 ശതമാനം), പവര്‍ ഗ്രിഡ് (-0.28 ശതമാനം), ടെക്ക് മഹീന്ദ്ര (-0.28 ശതമാനം) ഓഹരികളില്‍ തുടക്കത്തിലെ ഇടര്‍ച്ച കാണാം.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.9 ശതമാനം നേട്ടം കുറിച്ച് ഏറ്റവും മുന്നിലുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപിടിച്ച് ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും നേട്ടത്തിലാണ് രാവിലെ മുന്നേറുന്നത്. മിഡ്ക്യാപില്‍ 0.9 ശതമാനവും സ്‌മോള്‍ക്യാപില്‍ 1.2 ശതമാനവും വീതം നേട്ടം ദൃശ്യമാണ്.
ഇന്ന് അദാനി ഗ്രീനാണ് മിഡ്ക്യാപില്‍ തിളങ്ങുന്നത്. തുടക്കത്തില്‍ത്തന്നെ 5 ശതമാനം നേട്ടം അദാനി ഗ്രീന്‍ രേഖപ്പെടുത്തുന്നു. ഫ്രെടെയ്ല്‍ (4.98 ശതമാനം), അദാനി പവര്‍ (4.98 ശതമാനം), അദാനി ട്രാന്‍സ് (4.41 ശതമാനം), ക്രിസില്‍ (3.55 ശതമാനം) ഓഹരികളും പട്ടികയില്‍ മുന്നിലുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (12.71 ശതമാനം), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (10.91 ശതമാനം), ജമ്മു കശ്മീര്‍ ബാങ്ക് (9.91 ശതമാനം) ഓഹരികള്‍ സ്‌മോള്‍ക്യാപിലും മുന്നേറുന്നത് കാണാം. ഇന്ന് 79 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുക. എന്‍എംഡിസി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ഭാരത് ഇലക്ട്രോണിക്‌സ്, ജെയ്പി ഇന്‍ഫ്രാടെക്ക് തുടങ്ങിയ കമ്പനികള്‍ ഈ നിരയിലുണ്ട്.