ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ നീക്കം. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷന്‍ സംസാരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാഹുല്‍ വോട്ടര്‍ പട്ടികയില്‍ ചൂണ്ടിക്കാട്ടിയ പിഴവുകളില്‍ ചിലതിന് മാത്രമാണ് കമ്മീഷന്‍ ഉത്തരം നല്കിയത്.
അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച ശേഷം ഇത് തെളിയിക്കാന്‍ തയ്യാറാകുന്നില്ല- ഇതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇന്നലത്തെ വാദങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുന്ന കൊളീജിയത്തിലെ അംഗമാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധിക്കെതിരായ കമ്മീഷന്റെ ഈ പരസ്യ നീക്കം രാഷ്ട്രീയ തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയാക്കും. രാഹുല്‍ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മീഷന്‍ എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെന്ന് അംഗീകരിക്കുന്നു. പരാതിയുണ്ടെങ്കില്‍ എന്തുകൊണ്ട് കോടതിയില്‍ പോയില്ല എന്നാണ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്നത്.
ഒരേ സ്ഥലത്ത് നൂറോളം ആള്‍ക്കാരെ എങ്ങനെ ചേര്‍ക്കുന്നു എന്നതിനും വിശദീകരണം ഇന്ന് കിട്ടിയില്ല. വീടില്ലാത്തവര്‍ക്കാണ് പൂജ്യം നമ്പര്‍ നല്‍കിയത് എന്ന വാദം സര്‍ക്കാരിനും തിരിച്ചടിയാണ്. വീടില്ലാത്ത ഇത്രയും ജനങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും സമാന വിഷയങ്ങളുന്നയിച്ച അനുരാഗ് താക്കൂറിനെക്കുറിച്ച് കമ്മീഷന്‍ മൗനം പാലിച്ചു.
രാഹുല്‍ ഗാന്ധിയുടെ യാത്ര തുടങ്ങിയ ദിവസമാണ് എസ്‌ഐആറില്‍ മാറ്റം ഇല്ല എന്ന് കമ്മീഷന്‍ അറിയിക്കുന്നത്. ബംഗാളും കേരളവും അടക്കം കൂടുതല്‍ സ്ഥലങ്ങളില്‍ ഇത് നടപ്പാക്കും എന്ന സന്ദേശവും കമ്മീഷന്‍ നല്കുന്നു. എന്തായാലും പ്രശ്‌നം തീര്‍ക്കുന്നതിന് പകരം ഇത് ആളികത്തിക്കാന്‍ ഇന്നലത്തെ വാര്‍ത്താ സമ്മേളനം ഇടയാക്കിയേക്കാം