ചിദംബരം: നാലാഞ്ചിറ ഹസീന ബീവി കൊലപാതകം: പ്രതി സുരേഷിനെ ചിദംബരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിദംബരം റെയിവേ സ്റ്റഷനിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ചിദംബരം ഭാഗത്ത് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചത് റെയില്‍വേ പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയില്‍ സുരേഷിന്റെ തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും ലഭിച്ചു. ഇതുവഴി അഡ്രസ് ലഭിച്ചു. ഫോട്ടോ ബന്ധുക്കളെ കാണിച്ചതോടെയാണ് മരിച്ചത് സുരേഷാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 5.45-ഓടെയാണ് നാലാഞ്ചിറ മഠത്തുനട കെ.ആര്‍.എ. 158 തിരുപ്പതി ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സുരേഷ് (46) കാറില്‍ രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. മൊബൈല്‍ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ ബുധനാഴ്ച വൈകിട്ട് കിള്ളിപ്പാലത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുരേഷിന്റെ കാര്‍ കരമന കടന്നുപോയതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബാലരാമപുരത്ത് കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കാര്‍ ഇവിടെ ഉപേക്ഷിച്ച് ഇയാള്‍ ട്രെയിനില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് കരുതുന്നത്.
വഴക്കിന് പിന്നാലെയാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹസീനയും സുരേഷും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി. ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടര്‍ന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം നേരില്‍ക്കണ്ട ഇവരുടെ മൂത്തമകള്‍ അമൃതാ സുരേഷാണ് ഫോണില്‍ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്.