ഏഴ് മാസത്തിന് ശേഷം ജിഎസ്ടി കൗണ്‍സില്‍ ഇന്ന് യോഗം ചേരും
ഏഴ് മാസത്തിനുശേഷം ജിഎസ്ടി കൗണ്‍സില്‍ ഇന്ന് യോഗം ചേരും. കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. കൊവിഡ് വാക്സിന്‍,മരുന്ന്, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവയുടെ നികുതി സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് യോഗത്തില്‍ പ്രഥമ പരിഗണന. കൊവിഡ് നികുതി പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നികുതി നിരക്ക് പൂര്‍ണമായി ഉപേക്ഷിക്കുക അല്ലെങ്കില്‍ 0.1 ശതമാനമായി കുറയ്ക്കുക ഈ രണ്ട് നിര്‍ദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍.
സ്വന്തമായി വാക്സിന്‍ വാങ്ങേണ്ടി വരുന്നതും കൊവിഡ് രണ്ടാം തരംഗവും പല സംസ്ഥാനങ്ങളിലേയും സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.