രാജ്യത്ത് 22,775 പുതിയ കോവിഡ് കേസുകൾ; 406 മരണം, ഒമിക്രോൺ കേസുകൾ 1,431 ആയി
ഇന്ത്യയിൽ 22,775 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 406 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 4,81,486 ആയി ഉയർന്നു. സജീവ കേസുകൾ 1,04,781 ആണ്.8,949 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,42,75,312 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 161 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 1,431 ആയി. 488 ഒമിക്രോൺ ബാധിതർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര 454, ഡൽഹിയിൽ 351, തമിഴ്‌നാട് 118, ഗുജറാത്ത് 115, കേരളം 109 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ കേസുകൾ. ആകെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന, രാജസ്ഥാൻ, കർണാടക, ആന്ധ്രാപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.32 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 15-18 പ്രായപരിധിയിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ണ്‍ലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്ന് വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും. തിരിച്ചറിയൽ രേഖയായി ആധാറോ സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം. 2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം.