വിപണി റെക്കോഡ് നേട്ടത്തോടെ തുടക്കം. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു.
മുംബൈ: വിപണി റെക്കോഡ് നേട്ടത്തോടെ തുടക്കം. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുഎസിൽനിന്ന് അനുകൂലമല്ലാത്ത റിപ്പോർട്ടുകളാണുള്ളതെങ്കിലും തുടക്കത്തിൽ വിപണിയെ അത് ബാധിച്ചില്ല. യുഎസ് തൊഴിൽ ഡാറ്റ പ്രതീക്ഷിച്ച ഏഴ് ലക്ഷത്തിനുമുകളിൽനിന്ന് 2.35 ലക്ഷത്തിലേക്ക് ചുരുങ്ങി. ഡോളർ ദുർബലമായത് വിദേശ നിക്ഷേപകരെ രാജ്യത്തെ വിപണിയിലേക്ക് ആകർഷിച്ചേക്കും. റീട്ടെയിൽ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും ഇടപെടൽ വിപണിയിൽ പ്രതിരോധം തീർക്കാൻ പര്യാപ്തമാണ്.
റിലയൻസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, നെസ് ലെ, ടൈറ്റാൻ, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി എനർജി സൂചിക ഒരുശതമാനം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടംതുടരുന്നു. ഇരു സൂചികകളും റെക്കോഡ് ഉയരംകുറിച്ച് മുന്നേറുകയാണ്.