വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്നു
ഇന്ന് നേട്ടത്തിൽ വിപണി വ്യാപാരം ആരംഭിച്ചു. . 250 പോയിന്റ് ഉയര്‍ന്ന് 52,560 എന്ന നിലയ്ക്കാണ് ബോംബെ സൂചിക വ്യാപാരത്തിന് തുടക്കമിട്ടത് (0.5 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,750 മാര്‍ക്കിലും വ്യപാരം നടക്കുന്നു .
ഇന്‍ഫോസിസും ടാറ്റ സ്റ്റീലുമാണ് രാവിലെ സെന്‍സെക്‌സില്‍ മുന്നില്‍. ബജാജ് ഓട്ടോ, എന്‍ടിപിസി ഓഹരികള്‍ നഷ്ടം നേരിടുന്നവരിലും പ്രമുഖരായി. നിഫ്റ്റിയിലെ എല്ലാ വ്യവസായ സൂചികകളും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 0.9 ശതമാനം വരെ മുന്നേറുന്നുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് വലിയ ചലനങ്ങളില്ലാതെ ദിനം ആരംഭിച്ചു. സ്‌മോള്‍ക്യാപില്‍ 0.3 ശതമാനം ഉണര്‍വ് കാണാം.
ഇന്ന് ശ്യാം മെറ്റാലിക്‌സ്, സോന കോംസ്റ്റാര്‍ കമ്പനികളുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ശക്തമായ അരങ്ങേറ്റമാണ് ശ്യാം മെറ്റാലിക്‌സ് ഗ്രേ മാര്‍ക്കറ്റ് ട്രെന്‍ഡ് പ്രവചിക്കുന്നത്. സോന കോംസ്റ്റാര്‍ ഓഹരികളില്‍ വലിയ ബഹളങ്ങളുണ്ടാകില്ല. വ്യാഴാഴ്ച്ച 97 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. ഓഎന്‍ജിസി, അശോക് ലെയ്‌ലാന്‍ഡ്, മിശ്ര ദത്തു നിഗം, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ് തുടങ്ങിയ പ്രമുഖര്‍ ഈ നിരയിലുണ്ട്.