കോഴിക്കോട്: കോഴിക്കോട് - മലേഷ്യ റൂട്ടില്‍ എയര്‍ ഏഷ്യയുടെ വിമാനം ഇന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ഇന്ന് രാത്രി 9.50ന് കോലാലംപൂരില്‍ നിന്ന് എ.കെ. 33 നമ്പര്‍ വിമാനം കോഴിക്കോട്ടേക്ക് കന്നിയാത്ര നടത്തും. ഓഗസ്റ്റ് രണ്ടിന് കാലത്ത് 12.10ന് എ.കെ.32 നമ്പറായി മടക്കയാത്രയും. കോലാലംപൂരില്‍ നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും കോഴിക്കോട് നിന്ന് കോലാലംപൂരിലേക്ക് ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിലും സര്‍വ്വീസുണ്ടായിരിക്കും. ഭാവിയില്‍ സര്‍വ്വീസ് ദിവസേനയാക്കുമെന്നും കോഴിക്കോട് നിന്ന് തായ്‌ലന്റിലേക്കുള്ള സര്‍വ്വീസ് പരിഗണനയിലാണെന്നും എയര്‍ഏഷ്യ ജനറല്‍ മാനേജര്‍ (ഇന്ത്യ) സുരേഷ് നായര്‍ അറിയിച്ചു.ഇതര വിമാന സര്‍വ്വീസുകളേക്കാള്‍ 40 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറവാണ് എയര്‍ ഏഷ്യയ്ക്ക്. 3999 രൂപയാണ് വണ്‍സൈഡ് മിനിമം നിരക്ക്. ബുക്കിംഗ് തുടങ്ങിയതു മുതല്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.പിഎം. മുബഷീര്‍, ഡയറക്ടര്‍ കേര്‍പ്പറേറ്റ് കെ.പി. നൂറുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അലല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ആഭിമുഖ്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് വിവിധ വിമാന കമ്പനികളുമായി നടത്തിയ കൂടിക്കാഴ്ച്ചയും ചര്‍ച്ചയുമാണ് എയര്‍ ഏഷ്യയുടെ മലേഷ്യ സര്‍വ്വീസ് കോഴിക്കോട് നിന്നാരംഭിക്കാന്‍ നിദാനമായതെന്ന് എം.പിഎം. മുബഷീര്‍ പറഞ്ഞു. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് കോഴിക്കോട് നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസ് എന്നത് മലബാറിന്റേയും കോഴിക്കോടിന്റേയും ദീര്‍ഘകാല ആവശ്യമാണെന്നും ജിസിസിക്ക് പുറമെ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും നേരിട്ട് വിമാന സര്‍വ്വീസ് തുടങ്ങുന്നത് മലബാറിന്റെ വികസനത്തിനും ടൂറിസം വികസനത്തിനും വഴിയൊരുക്കുമെന്നും മുബഷീര്‍ പറഞ്ഞു.
കോഴിക്കോട് നിന്ന് കോലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യയുടെ ആദ്യ യാത്രയില്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവലല്‍സു വഴി 70ലേറെ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കെ.പി. നൂറുദ്ദീന്‍ പറഞ്ഞു. ആകര്‍ഷകമായ നിരക്കില്‍ മലേഷ്യയിലേക്ക് അല്‍ഹിന്ദ് പാക്കേജ് ടൂര്‍ സംഘടിപ്പിച്ചു വരികയാണെന്നും കോഴിക്കോട് നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ സര്‍വ്വീസ് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.